പാലാ: മീനച്ചില്‍ താലൂക്കിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ പാലാ-കോഴാ റോഡിന്റെ നവീകരണത്തിനു നടപടിയില്ല. ആവശ്യത്തിനു വീതിയില്ലാത്തതിനാല്‍ ഇരുവശങ്ങളില്‍നിന്നും വലിയ വാഹനങ്ങള്‍ എത്തിയാല്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. സര്‍വേ നടത്തി പുറമ്പോക്ക് ഏറ്റെടുത്താല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി വീതിയാണ് ലഭ്യമാവുക. റോഡ് നവീകരണം നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കൊടുംവളവുകള്‍ നിവര്‍ത്തി നവീകരിക്കാനുള്ള നടപടികളാണ് അനിശ്ചിതത്വത്തിലായത്. സര്‍വേ നടത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലാ മുതല്‍ കുറിച്ചിത്താനം കവല വരെ സര്‍വേ നടത്തിയിരുന്നു. 16 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരണ പദ്ധതി തയാറാക്കിയത്. എന്നാൽ, 17 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഇന്നും ഉണ്ടായിട്ടില്ല. ഇരുപതിലധികം അപകടവളവുകള്‍ റോഡിലുണ്ട്. നിര്‍ദിഷ്ട തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായി റോഡ് വികസിപ്പിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പാലാ-കോഴാ റോഡില്‍ നാടുകുന്ന് മുതല്‍ ഇല്ലിക്കല്‍ വരെയുള്ള പത്തു കിലോമീറ്റര്‍ ദൂരത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരങ്ങാട്ടുപിള്ളി സ്റ്റേഷന് പരിധിയില്‍ മാത്രം ഇല്ലിക്കല്‍താഴെ, ആണ്ടൂര്‍ എന്നീ സ്ഥലങ്ങള്‍ ബ്ലാക്ക് സ്പോട്ടായി റോഡ് സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. ഇവിടെ ഏഴു വര്‍ഷത്തിനിടെ അപകടത്തില്‍ 10 പേര് മരിച്ചു. കോഴിക്കൊമ്പ്, ആണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യത്തിന് വീതിയില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.